English| മലയാളം

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
ചേര്‍ത്തലയുടെ സ്ഥാലനാമോല്‍പത്തിയെപ്പറ്റി ധാരാളം നിഗമനങ്ങളുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇവിടം കടലിനടിയിലായിരുന്ന പ്രദേശമായിരുന്നുവെന്നതിന് വസ്തുനിഷ്ഠമായ തെളിവുകളുണ്ട്. അലയാഴി പിന്‍വാങ്ങി കരയോടു ചേര്‍ത്തുനല്‍കപ്പെട്ട പ്രദേശമെന്ന അര്‍ത്ഥത്തിലാവാം ചേര്‍ത്തല എന്ന സ്ഥലനാമമുണ്ടായതെന്ന് കരുതപ്പെടുന്നു. ഈ പ്രദേശത്തെ മണ്ണ് കുഴിക്കുമ്പോള്‍ കടല്‍ജീവികളുടെ ഫോസിലുകളും, തുറക്കാത്ത നിലയിലുള്ള കക്കകളുടെ അവശിഷ്ടങ്ങളും ലഭിക്കുന്നത് ഇന്നും പതിവാണ്. പഴയ കൊച്ചിരാജ്യത്തിന്റെ മിക്കവാറും അവഗണിക്കപ്പെട്ടു കിടന്നിരുന്ന തെക്കരികായും, പിന്നീട് തിരുവിതാംകൂറിന്റെ വടക്കറ്റമായും അറബിക്കടലിനും വേമ്പനാട്ട് കായലിനും മധ്യേ പരന്നുകിടന്നിരുന്ന കരപ്പുറം എന്ന ചൊരിമണല്‍ പ്രദേശത്തിന്റെ തലസ്ഥാനമായിരുന്നു ചേര്‍ത്തല. ഇവിടുത്തെ ജനവാസത്തിന് ഏറെ നൂറ്റാണ്ടുകളുടെയൊന്നും പഴക്കമില്ലായെന്നതാണ് ഭൂമിയുടെ പ്രകൃതികൊണ്ടും, കൃഷിഭൂമിയുടെ വിന്യാസം കൊണ്ടും മനസിലാക്കാനാവുന്നത്. എങ്കിലും ഒന്‍പതാം നൂറ്റാണ്ടു മുതല്‍ക്കുള്ള രേഖപ്പെടുത്തപ്പെട്ട ചരിത്രം ഈ പ്രദേശത്തിനുണ്ട്. വളരെ പണ്ടുകാലം മുതല്‍ തന്നെ വിദേശരാജ്യങ്ങളുമായി വാണിജ്യബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രദേശമാണ് ചേര്‍ത്തല. കേരളത്തിലെ പ്രധാന ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ അര്‍ത്തുങ്കല്‍ പള്ളി ഈ നഗരത്തിന്റെ തെക്കുഭാഗത്തുള്ള പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. 1581-ല്‍ പോര്‍ട്ടുഗീസ് മിഷണറിമാരാണ് ഈ ദേവാലയം സ്ഥാപിച്ചത്. എന്നാല്‍ അതിനു മുമ്പും ഇവിടെ ക്രിസ്തുമതാനുയായികള്‍ ധാരാളമായുണ്ടായിരുന്നുവെന്നതിന് വേണ്ടത്ര തെളിവുകളുണ്ട്. വിശുദ്ധ സെന്റ് തോമസിന്റെ കാലത്തു തന്നെ (എ.ഡി 52-ല്‍ ) ഇവിടെ ക്രിസ്തുമതം വ്യാപിച്ചിരുന്നതായി കരുതേണ്ടിയിരിക്കുന്നു. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് തിരിച്ചുവരുന്ന അയ്യപ്പഭക്തന്മാര്‍ അര്‍ത്തുങ്കല്‍ പള്ളിയില്‍ പോയി നേര്‍ച്ചയിട്ടതിനു ശേഷം മാത്രമേ മാലയൂരാറുണ്ടായിരുന്നുള്ളൂ. പുളിയങ്കോട്ട് കുറുപ്പ് എന്ന പ്രമാണിയുടേതായിരുന്നു അര്‍ത്തുങ്കല്‍ പ്രദേശം. പോര്‍ട്ടുഗീസുകാരുമായി ഇടഞ്ഞ കുറുപ്പ് അയല്‍നാട്ടുപ്രമാണിമാരായിരുന്ന അരീപ്പറമ്പത്ത് മേനോന്‍ , തയ്യില്‍ പണിക്കര്‍ എന്നിവരുടെ സഹകരണത്തോടെ പോര്‍ട്ടുഗീസുകാരെ ആക്രമിച്ചുവെന്നും, അവരുടെ പീരങ്കിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പിന്മാറിയെന്നും പറയപ്പെടുന്നു. 1860-ല്‍ ആന്‍ഡ്രൂസ് പെരേരയുടെ മകന്‍ സെന്റ് ജോര്‍ജ്ജിന്റെ നാമഥേയത്തില്‍ അര്‍ത്തുങ്കല്‍ തന്നെ മറ്റൊരു ദേവാലയം സ്ഥാപിക്കുകയും, പില്‍ക്കാലത്ത് അതൊരു പുതിയ ഇടവകയായി തീരുകയും ചെയ്തു. പത്താം നൂറ്റാണ്ടില്‍ ഗുരുമതക്കാരാല്‍ സ്ഥാപിതമായതെന്ന് കരുതുന്ന അറവുകാട് ക്ഷേത്രം പ്രധാനപ്പെട്ട മറ്റൊരു ആരാധനാലയമാണ്. തിരിച്ചറിയുവാന്‍ കഴിയാത്തവണ്ണം മാഞ്ഞുപോയ ഗുരുമതം എന്ന ഹിന്ദുമതശാഖയുടെ അവശിഷ്ടങ്ങള്‍ ചേര്‍ത്തലയുടെ പരിസരപ്രദേശങ്ങളിലെ ചില തരിശുപറമ്പുകളുടെ പേരില്‍ മാത്രമായി ഒതുങ്ങുന്നു. ഇസ്ലാം മതം ഇവിടെ എത്തിയ കാലമോ അതിന്റെ ചരിത്രമോ വ്യക്തമല്ലെങ്കിലും സമീപസ്ഥലമായ ഒറ്റമശ്ശേരിയില്‍ ഉണ്ടായിരുന്ന തുറമുഖപ്രദേശത്തു നിന്നും കുടിയേറിയവരാണ് ഇവിടുത്തെ മുസ്ലീങ്ങളെന്നാണ് പഴമക്കാരുടെ അഭിപ്രായം. തുടക്കത്തിലെ ഗോത്രാധിഷ്ഠിത ജീവിതത്തിനു ശേഷം ആധുനികകാലഘട്ടത്തിന്റെ ആരംഭം വരെ, ദീര്‍ഘകാലം ഫ്യൂഡല്‍ സമ്പ്രദായമാണ് ഇവിടെ ഉണ്ടായിരുന്നത്. മേല്‍ജാതിയില്‍പ്പെട്ട ചെറുതും വലുതുമായ ജന്മിമാരും അവരില്‍ നിന്നും പാട്ടക്കാരും കുടിയാന്മാരും, എല്ലാവര്‍ക്കും കീഴെയായി അടിയാന്മാരും എന്ന ക്രമത്തിലായിരുന്നു ഭൂമിയുടെ ഉടമസ്ഥതയും സാമൂഹ്യസ്ഥിതിയും നിലനിന്നിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ തന്നെ സാമൂഹ്യ-രാഷ്ട്രീയ പരിഷ്കരണത്തിന്റെ ധാര ശ്രീനാരായണ ഗുരുദേവനിലൂടെ ഊ പ്രദേശത്ത് പകര്‍‌ന്നെത്തിയിരുന്നു. ഈ പ്രദേശത്തെ പല ഗൃഹാങ്കണങ്ങളും, ആവര്‍ത്തിച്ചു സന്ദര്‍ശിച്ച്, സാമൂഹ്യ പരിഷ്കരണ നീക്കങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. ഈ പ്രദേശത്തെ പച്ചക്കറി കൃഷി വളരെ പണ്ടു മുതലേ വിഖ്യാതമാണ്. കരപ്പുറം വെറ്റിലയ്ക്കും, വഴുതനയുള്‍പ്പെടെയുള്ള പച്ചക്കറികള്‍ക്കും രാജകൊട്ടാരത്തില്‍ വരെയുണ്ടായിരുന്ന സ്ഥാനം പ്രസിദ്ധമാണ്. കയറുല്‍പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവുമാണ് ഇവിടുത്തെ പ്രധാന പരമ്പരാഗത വ്യവസായം. ഈ മേഖലയില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. കൊപ്രയാട്ടലും, തടിവ്യവസായവുമാണ് ചേര്‍ത്തലയിലെ മറ്റ് പ്രധാന വ്യവസായമേഖലകള്‍. കയര്‍ഫാക്ടറികളുടെ ആവിര്‍ഭാവത്തോടെ ഇവിടെ സംഘടിത തൊഴിലാളി പ്രസ്ഥാനം രൂപം കൊണ്ടു. ഐതിഹാസികമായ പുന്നപ്ര-വയലാര്‍ മുന്നേറ്റത്തില്‍ ഇവിടെ നിന്നുള്ള നിരവധി പേര്‍ പങ്കെടുത്തിട്ടുണ്ട്. ഈ പ്രദേശത്തുകൂടി കടന്നുപോകുന്ന ആദ്യകാല റോഡുകളിലൊന്നാണ് ചേര്‍ത്തല - അര്‍ത്തുങ്കല്‍ റോഡ്. മോറിസ് വാട്സ് എന്ന ദിവാനാണ് ഇത് നിര്‍മ്മിച്ചത്. എന്‍ എച്ച്-47, തീരദേശ റെയില്‍വേ എന്നിവയാണ് ഇതുവഴി കടന്നുപോകുന്ന പ്രധാന ഗതാഗത മാര്‍ഗ്ഗങ്ങള്‍. ചേര്‍ത്തല മുനിസിപ്പല്‍ ലൈബ്രറി, വേളോര്‍വട്ടം ഭാവന തുടങ്ങിയ നിരവധി ഗ്രന്ഥശാലകള്‍ ചേര്‍ത്തലയിലുണ്ട്. 1864-ല്‍ തിരുകുടുംബവിലാസം എല്‍ പി സ്കൂള്‍ എന്ന പേരില്‍ ആരംഭിച്ച്, 1976-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ട മുട്ടം ഹോളി ഫാമിലി ഹൈസ്കൂളാണ് ഇവിടെ സ്ഥാപിതമായ ആദ്യവിദ്യാലയം. 1897-ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് സ്ഥാപിച്ച ബോയ്സ് ഹൈസ്കൂളാണ് ആദ്യ ഹൈസ്കൂള്‍.

AttachmentSize
111.jpg378.6 KB