English| മലയാളം

ആമുഖം

ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കിലാണ് ചേര്‍ത്തല നഗരസഭ സ്ഥിതി ചെയ്യുന്നത്. ചേര്‍ത്തല തെക്ക്, കൊക്കേരുമംഗലം, വയലാര്‍ കിഴക്ക്, തണ്ണീര്‍മുക്കം വടക്ക് എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ചേര്‍ത്തല നഗരസഭയ്ക്ക് 16.18 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് വയലാര്‍, ചേന്നം-പള്ളിപ്പുറം എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ചേന്നം-പള്ളിപ്പുറം, തണ്ണീര്‍മുക്കം എന്നീ പഞ്ചായത്തുകളും, തെക്കുഭാഗത്ത് തണ്ണീര്‍മുക്കം, ചേര്‍ത്തല തെക്ക്‌ എന്നീ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ചേര്‍ത്തല തെക്ക്‌, കടക്കരപ്പള്ളി എന്നീ പഞ്ചായത്തുകളുമാണ് ചേര്‍ത്തല നഗരസഭാപ്രദേശത്തിന്റെ അതിരുകള്‍. ചേര്‍ത്തല നഗരം തീരസമതലപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. തലങ്ങും വിലങ്ങും തോടുകളുള്ള ആലപ്പുഴ നഗരത്തിന്റെ ഒരു ചെറുപതിപ്പാണ് ചേര്‍ത്തല നഗരപ്രദേശമെന്ന് പറയാം. അറബിക്കടലിനും വേമ്പനാട്ട് കായലിനും മദ്ധ്യേ കിടക്കുന്ന ചേര്‍ത്തലയുടെ സ്ഥലനാമോല്‍പത്തിയെപ്പറ്റി ധാരാളം നിഗമനങ്ങളുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇവിടം കടലിനടിയിലായിരുന്ന പ്രദേശമായിരുന്നുവെന്നതിന് വസ്തുനിഷ്ഠമായ തെളിവുകളുണ്ട്. അലയാഴി പിന്‍വാങ്ങി കരയോടു ചേര്‍ത്തുനല്‍കപ്പെട്ട പ്രദേശമെന്ന അര്‍ത്ഥത്തിലാവാം ചേര്‍ത്തല എന്ന സ്ഥലനാമമുണ്ടായതെന്ന് കരുതപ്പെടുന്നു. ഈ പ്രദേശത്തെ മണ്ണ് കുഴിക്കുമ്പോള്‍ കടല്‍ജീവികളുടെ ഫോസിലുകളും, തുറക്കാത്ത നിലയിലുള്ള കക്കകളുടെ അവശിഷ്ടങ്ങളും ലഭിക്കുന്നത് ഇന്നും പതിവാണ്. ചരിത്രത്താളുകളില്‍ കരപ്രദേശം എന്ന അപരനാമത്തിലും ചേര്‍ത്തല അറിയപ്പെടുന്നു. ഈ പ്രദേശത്തിന്റെ 80%-വും മണല്‍മണ്ണ് നിറഞ്ഞ സമതലങ്ങളാണ്. ബാക്കി പ്രദേശങ്ങള്‍ പാടങ്ങളും, ചതുപ്പും, വെള്ളക്കെട്ടും, തോടുകളുമാണ്. കടല്‍‌വെച്ച ഭാഗമായതിനാല്‍ മിക്കയിടത്തും കടല്‍‌ചെളിയും, വൃക്ഷങ്ങളുടെ അവശിഷ്ടങ്ങളും കാണുവാന്‍ കഴിയും. പ്രധാനമായും മൂന്ന് തരത്തിലുള്ള മണ്ണിനങ്ങള്‍ ഇവിടെ കാണപ്പെടുന്നു. പൂഴിമണല്‍ നിറഞ്ഞ പ്രദേശവും, എക്കല്‍ കരിമണ്ണ് നിറഞ്ഞ കുട്ടനാടന്‍ പ്രദേശവും, ചതുപ്പു പ്രദേശങ്ങളുമാണ് ഇവിടെയെങ്ങും കാണാനാവുക. മണല്‍ നിറഞ്ഞ സമതലപ്രദേശങ്ങളും, ജലാശയങ്ങളും, വേമ്പനാട്ടു കായലിന്റെ കൈവഴികളും, വിശാലമായ തെങ്ങിന്‍തോപ്പുകളും ഇവിടുത്തെ ഭൂപ്രകൃതിയുടെ സവിശേഷതകളാണ്.  സമുദ്രനിരപ്പില്‍ നിന്നും താഴ്ന്ന പല പ്രദേശങ്ങളും ഇവിടെയുണ്ട്. പടിഞ്ഞാറു നിന്നും കിഴക്കോട്ട് പൊതുവേ ചരിവുള്ളതും സമതലവുമാണ് ചേര്‍ത്തല നഗരം. സമുദ്രനിരപ്പില്‍ നിന്നുള്ള ഏറ്റവും കൂടിയ ഉയരം 3 മീറ്ററാണ്. കെട്ടുവള്ളങ്ങളുടെ നാടാണ് ചേര്‍ത്തലയും. വിവിധയിനത്തിലുള്ള അപൂര്‍വ്വയിനം കായല്‍ മത്സ്യവിഭവങ്ങള്‍ ഇവിടെ ലഭിക്കുന്നു. 1953 ജനുവരി ഒന്നിനാണ് ചേര്‍ത്തല ഒരു മുനിസിപ്പല്‍ പട്ടണമായി മാറിയത്. ചേര്‍ത്തല തഹസീല്‍ദാരും ഒന്നാം ക്ലാസ് മജിസ്ട്രേട്ടുമായിരുന്ന ജി.വേലുപിള്ളയെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചുകൊണ്ട് ചേര്‍ത്തല നഗരസഭയുടെ പ്രവര്‍ത്തനമാരംഭിച്ചു. സി.കെ.കുമാരന്‍ ആയിരുന്നു ആദ്യ നഗരസഭാ ചെയര്‍മാന്‍.

 

പൊതുവിവരങ്ങള്‍

 

ജില്ല                               : ആലപ്പുഴ 
വിസ്തീര്‍ണ്ണം                    : 16.18 ച.കി.മി
കോഡ്                            : M040300
വാര്‍ഡുകളുടെ എണ്ണം         : 35  
ജനസംഖ്യ                         : 45102
പുരുഷന്മാര്‍‍                    : 21917
സ്ത്രീകള്‍‍                         : 23185
ജനസാന്ദ്രത                        : 2678
സ്ത്രീ : പുരുഷ അനുപാതം  : 1048
മൊത്തം സാക്ഷരത              : 94
സാക്ഷരത (പുരുഷന്മാര്‍ )    : 98.4
സാക്ഷരത (സ്ത്രീകള്‍ )         : 89.7
Source : Census data 2001